ന്യൂഡൽഹി: രാജ്യത്തെ ധാതുസമ്പത്തിലും ഖനനഭൂമിയിലും കേന്ദ്രസർക്കാരിന്റെ പൂർണ നിയന്ത്രണം ഉറപ്പാക്കുന്ന ‘ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ 2026’ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര കൽക്കരി-ഖനി മന്ത്രി ജി. കിഷൻ റെഡ്ഢിയാണു ബിൽ സഭയുടെ മുന്നിൽ വച്ചത്.
കേന്ദ്രസർക്കാരിന്റെ മുൻകൂറായുള്ള അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് ഖനനഭൂമികളിലോ ധാതു അവകാശങ്ങളിലോ പുതിയ നികുതിയോ സെസോ ചുമത്താൻ ഇനി സാധിക്കില്ല എന്നതാണു ബില്ലിലെ പ്രധാന വ്യവസ്ഥ. രാജ്യത്തുടനീളം ഏകീകൃത നികുതിവ്യവസ്ഥ നടപ്പിലാക്കാനും നിക്ഷേപകർക്കു സ്ഥിരതയുള്ള അന്തരീക്ഷം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ബില്ലിലെ പ്രധാന വ്യവസ്ഥകളും സർക്കാരിന്റെ വാദങ്ങളും തീർപ്പാക്കാത്ത നികുതി റദ്ദാകും
ബിൽ നിയമമാകുന്നതിനുമുമ്പ് സംസ്ഥാനങ്ങൾ വിജ്ഞാപനം ചെയ്തതും എന്നാൽ ഇതുവരെ പിരിച്ചെടുക്കാൻ സാധിക്കാത്തതുമായ എല്ലാ നികുതികളും അസാധുവാകും. ഇതിനകം പിരിച്ചെടുത്ത തുക തിരിച്ചുകൊടുക്കേണ്ടതില്ല.
ഭൂമിയുടെ പൂർണ നിയന്ത്രണം
ഖനികളുടെ നിയന്ത്രണത്തിനുപുറമെ ധാതുക്കളടങ്ങിയ ഭൂമിയുടെ മേലുള്ള സർവാധികാരവും കേന്ദ്രസർക്കാരിലേക്ക് കേന്ദ്രീകരിക്കും.
ഉത്പന്ന വിലവർധന തടയാൻ
അനിയന്ത്രിതമായ സംസ്ഥാന നികുതികൾ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാനും ഇറക്കുമതി കൂടുവാനും കാരണമാകുന്നുണ്ടെന്നും പുതിയ നിയമം വിതരണ ശൃംഖലയ്ക്കു സ്ഥിരത നൽകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനങ്ങൾ അനിയന്ത്രിതമായി വ്യത്യസ്ത നിരക്കുകളിൽ നികുതികൾ ചുമത്തുന്നത് പ്രാദേശിക വ്യവസായങ്ങളെയും വിതരണ ശൃംഖലയെയും ബാധിക്കുമെന്നും തദ്ദേശീയമായി ധാതുക്കൾ ലഭ്യമായിട്ടും ഇറക്കുമതി കൂടാൻ ഇതു കാരണമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
എതിർപ്പുമായി പ്രതിപക്ഷം
ബില്ലവതരണത്തെ രൂക്ഷമായി എതിർത്തുകൊണ്ട് എൻ.കെ. പ്രേമചന്ദ്രൻ എംപി സഭയിൽ സംസാരിച്ചു. കേന്ദ്രനീക്കം രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥിതിക്കുമേലുള്ള കനത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു. തീരദേശമെന്നോ വനഭൂമിയെന്നോ വ്യത്യാസമില്ലാതെ ധാതുക്കളുടെ സാന്നിധ്യമുള്ള ഭൂമിയുടെമേൽ കേന്ദ്രം സർവാധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അപകടകരവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.